Sunday 3 July 2016

എന്റെ ഡയറിയിലെ എഴുത്തുകുത്തുകൾ
========================

യുഗാന്തരങ്ങളോളം സഞ്ചരിച്ച്
ജനാലയിലൂടെ എന്നെ കാണാൻ വന്ന
കാറ്റിനോട് ഞാൻ ചോദിച്ചു ‘പ്രണയിനി’
അവൻ ചരിത്രം എനിക്കു പറഞ്ഞുതന്നു.
പ്രണയിനിമാരുടെയും പ്രണയിതകളുടേയും
പ്രണയിച്ചവരുടെയും പ്രണയയിക്കപ്പെട്ടവരുടെയും
ചരിത്രം.
അതിലൊരിടത്തും ഒരു കാമുകനുണ്ടായിരുന്നില്ല.
************************************************

എട്ടുകാലികൾക്കുവേണ്ടി ഒരു പള്ളി പണിതു.
പ്രാര്ഥിക്കുന്നതിനിടയിൽ എല്ലാ
എട്ടുകാലികളെയും ചുട്ടു കൊന്നു.
നാസ്തികനായ ഒരെട്ടുകാലിമാത്രം
ബാക്കിയായി. കുറ്റം മുഴുവൻ അവന്റെ
കാലിലായി (തലയിലായി).
അവനെന്നും വേട്ടയാടപ്പെട്ടു.
***************************

പാതയോരത്തു കാത്തുനിൽക്കാറുണ്ടെന്നും
അവൾ വന്നത് ഒരിക്കൽ മാത്രമാണ്.
അവളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചപ്പോൾ
യാത്രപറയാൻ മാത്രമായ് അവൾ വന്നു പോയ്‌.

അന്നും ഇന്നും എൻ
വിരലുകൾ ഓർക്കുന്നു
ആ സ്പര്ശനം.
***************

മാളികമുകളിലിരുന്ന്  അരവാതിലിലൂടെ
നോക്കുമ്പോൾ മദ്രസയിലേക്കു പോവുന്ന കുഞ്ഞനുജന്മാരെയും കുഞ്ഞനുജത്തിമാരെയും ഞാൻ കാണാറുണ്ട്. അതെനിക്ക്
എന്നും പുതുമയാണ്.
********************

മക്കനയുടെ വിടവിലൂടെ കാണുന്ന ആ
കുഞ്ഞു മുഖം എന്തുഭംഗിയാണതിന്.
കൺപീലിയും കണ്ണും ആ മൂക്കും
ആർക്കും തോന്നിപ്പോവും ഒരിഷ്ടം.
അവളുടെ വിരലുകൾക്ക് എപ്പോഴും
തണുപ്പാണ്. ഒരിക്കൽ മാത്രം കണ്ട
കാഴ്ച അതിന്റെ ഭംഗി കണ്ണുകൾക്കുള്ളതാണ്.

കാറ്റിന്റെ പ്രണയിനിയാണവൾ
ആ കാഴ്‌ച അവനാണ്
കാട്ടിത്തന്നത്.
വീടറിയില്ല നാടറിയാം
എന്റെ നാട്ടുകാരിയാണവൾ.

കാതോർക്കുന്നു ഞാൻ
ആ നറു  ശബ്ദം
തിരിച്ചറിയുമോ ഞാൻ.
**********************

രാത്രിയിൽ ഏകനായിരുന്ന എനിക്ക്
നിലാവെളിച്ചവും ഇളം കാറ്റും
കൂട്ടുണ്ടായിരുന്നു. ഇടക്കിടെ ചില
അശരീരിയും കേൾക്കാമായിരുന്നു.
*********************************

ഭംഗിയുള്ള പെൺകുട്ടികളുടെ
മുഖത്തിന്  ഒരു പ്രത്യേകതയും ഇല്ലാത്ത
തിളക്കമുണ്ട് അതെന്നെ
ഭയപ്പെടുത്തുന്നു.
***************

പൂര്ണചന്ദ്രന്റെ രാതിയിൽ
നിഴലുകൾക്കു ഉത്സവമാണ്.
അന്ന് നിഴലുകൾ ആരെയും
ഭയപ്പെടുത്താറില്ല.
അത് രാത്രി സഞ്ചാരിക്ക്
അറിവുള്ളതാണ്.
*****************

ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുക
എന്റെ ആഗ്രഹങ്ങളിൽ ഒന്ന്.
എന്റെ സങ്കൽപ്പങ്ങളിലും. എങ്കിൽ
എന്റെ മഹത്വം അങ്ങകലെ കാണാമായിരുന്നു.
***********************************************

ചക്രങ്ങൾ ഉരുളുമ്പോൾ
പലതും പിറകോട്ടുപോയി
നിരാശകളും നിഴലിച്ചപ്പോളും
അവ ഉരുളുകയായിരുന്നു
ഇന്ന് ഇത്രയും നേരം വരെ
അവ ഉരുൾന്നുകൊണ്ടിരുന്നിരിക്കണം.
*************************************

സങ്കൽപ്പങ്ങൾ മനോഹരങ്ങളാണ്.
വഴികളില്ലാത്ത സഞ്ചാരം,
എത്തിച്ചേരലുകളും വ്യത്യസ്തമാണ്.
പ്രാവിനും കുരുടനും ഉണ്ട് സങ്കൽപ്പങ്ങൾ.
സങ്കൽപ്പനങ്ങളെ മിഥ്യാധാരണങ്ങളായി
കാണുന്നവരുണ്ട്, ഞാൻ ഭാഗികമായി
അക്കൂട്ടത്തിലാണ്. എനിക്കുണ്ട് അനേകായിരം
ഓരോരുത്തർക്കും കാണും.

ഞാൻ
ഇഷ്ടപ്പെടുന്നു
എന്തിനെയും
ഏതിനെയും
പക്ഷെ,
എല്ലായിപ്പോഴും
ഒരു നുള്ള്
നിരാശ
നിഴലിക്കാറുണ്ട്.
അതാണ് മനസ്സ്.
*****************

ചില എഴുത്തുകുത്തുകൾ വിചിത്രങ്ങളാണ്. വിസ്മയിപ്പിക്കുന്ന അവക്ക് സാഹിത്യത്തിന്റെ അകമ്പടിയുണ്ട്. ആ പാതയിൽ സഞ്ചരിച്ചവർ ഒന്നുകൂടെ അതിലെ പോകുവാൻ ആശിച്ചുപോവും.
************************************************   

പട്ടിണിയുടെ അർത്ഥതലങ്ങൾ
പഠിക്കുവാനായി,
ഒരു തത്വചിന്തകൻ
തന്റെ മകളെ പട്ടിണിക്കിട്ടു.
രുചിഭേദങ്ങൾ മനസ്സിലാക്കാൻ
മകനെ ആഹാരം കൊണ്ടുമൂടി.
******************************

ഞാൻ വർഷങ്ങൾക്കു മുൻപെഴുതിയ
പ്രേമലേഖനം
ചിതലിനുപോലും വേണ്ടാതെ വേണ്ടാതെ
കിടക്കുന്നു.
അതുനൽകാൻ ഒരു പെൺകുട്ടിയെ
കണ്ടെത്തണം.
***************

നിമിഷത്തിന് മൂന്നെന്നമട്ടിൽ
പ്രണയിനിമാരെ കൊണ്ടുനടക്കുന്ന
ചെകുത്താനെ ഒരാനപ്പാപ്പാൻ
വിളിക്കുന്നു. ‘ഹേ മഹാത്മാവേ'.
********************************

ഇന്ന് എന്റെ ചങ്ങാതിയുടെ പിറന്നാളായിരുന്നു.
ഉമ്മ അവന്  50 രൂപ കൊടുത്തു.
മിഠായി വാങ്ങാൻ.
അവനതിൽ കളർപെൻസിൽ വാങ്ങി
ഒരു ഇറാഖി പെൺകുട്ടിക്ക്
അയച്ചുകൊടുത്തു.
*****************

മൈലാഞ്ചിയണിഞ്ഞ
പെൺകുട്ടികളുടെ
കയ്യിനു
ഒരു
പ്രത്യേക
മണമുണ്ട്
അതെനിക്ക്
ഏറ്റവും പ്രിയപ്പെട്ടതാണ്.
**************************

പ്രണയിനിയുടെ ഹൃദയം ഞാൻ
തുറന്നു നോക്കി
കരിമുഴുവൻ നീക്കം ചെയ്തപ്പോൾ
അവിടം ശൂന്യമായിരുന്നു.
**************************